2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

പുനലൂർ തൂക്കുപാലം..ഒരവലോകനം..


ഞാന്‍ കഴിഞ്ഞ നോട്ടില്‍ കൊല്ലം ജില്ലയെ കുറിച്ച്‌ എഴുതിയപ്പോള്‍ മനസ്സില്‍ വളരെ ആഗ്രഹിച്ചിരുന്നു പുനലൂരിനെക്കുറിച്ചും അവിടുത്തെ തൂക്ക്‍പാലാത്തെക്കുറിച്ചുംഎഴുതണമെന്ന്..അല്ലേല്‍ കൊല്ലം ജില്ലയെ കുറിച്ചുള്ള വിവരണം പൂര്‍ണമാകില്ല..പക്ഷേ...കഴിഞ്ഞില്ല..അത്‌ തന്നെ കൂടിപ്പോയില്ലേ..എന്ന് സംശയംതോന്നി..ആര്‍ക്കാഇപ്പോള്‍ ഇതൊക്കെവായിക്കാന്‍സമയം..അപ്പോള്‍കൂടുതല്‍ബോറടിപ്പിക്കാതെ ചുരുക്കണം എന്ന്തോന്നി..അതിനാല്‍ പുനലൂരിനെക്കുറിച്ച്‌ തന്നെ ഒന്ന് എഴുതാന്‍ ശ്രമിക്കാം എന്നു കരുതി...തൂക്ക്‍പാലത്തിന്‌ പ്രാമുഖ്യം നല്‍കിക്കൊണ്ട്...എന്നാല്‍ ഈ പാവം പ്രവാസിയോടൊപ്പം സഞ്ചരിക്കുകയല്ലേ..പുനലൂരിലേക്ക്.  ഒപ്പം തൂക്കൂപാലത്തിലേക്ക്..?

കൊല്ലം ജില്ലയിലെ മലയോര പട്ടണപ്രദേശമായ പുനലൂരിൽ; ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണ് പുനലൂർ തൂക്കുപാലം . 1871 ൽ ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ ആൽബെർട്‌ ഹെൻട്രിയുടെ മേൽ നോട്ടത്തിൽ രൂപ കൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി 1880 ൽ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്ന് വന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴിയിൽ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി.
പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌, ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുന്ന കല്ലടയാർ. അതുകൊണ്ട്‌ തന്നെ നിരവധി തൂണുകളിലുറപ്പിക്കുന്ന തരം സാധാരണ പാലം കുറേയധികം ശ്രമങ്ങൾക്ക്‌ ശേഷവും സാധ്യമല്ലാതായ സാഹചര്യത്തിലാണ്‌ തൂക്ക്‌ പാലമെന്ന ആശയമുടലെടുത്തത്‌. ഒപ്പം , കിഴക്കൻ മലനിരകളിൽ നിന്നും പട്ടണത്തിലേക്കെത്താൻ സാധ്യതയുള്ള വന്യമൃഗ ഭീഷണിയും ഒരു കാരണമാണന്ന് പറയപ്പെടുന്നു.
കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌തടി പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു..

എന്നാല്‍ ഇത്രയും പര്‍ത്യേകതകള്‍ ഉള്ള ഈ പാലത്തിന്റെ ഇന്നത്തെ..ശോചനീയാവസ്ഥ..
വിവരിക്കാന്‍തന്നെഈപാവംപ്രവാസിക്ക്പ്രയാസംഏറെയുണ്ട്‌..കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തേക്ക്‌ തടി തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിക്കുന്നു.പക്ഷേ ആർക്കിയോളജി വിഭാഗം ഏറ്റടുത്ത പുരാവസ്തു സ്മാരകങ്ങൾ പലതും ആദ്യ പൊടിയടിക്കലുകൾക്ക്‌ ശേഷമുള്ള അവഗണനയിലും, പരിചരണമില്ലായ്മയിലും ആയുസ്സൊടുങ്ങാറായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളാകുന്ന ഗതി ഈ മുത്തശ്ശിപ്പാലത്തിനുമുണ്ടാകുമോ എന്ന സംശയത്തിനടിവരയിടുന്നു പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടി തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌, പാലത്തിലൂടെ കടന്നാൽ സെപ്റ്റിക്ക്‌ ആവുന്ന അവസ്ഥയാക്കിയിരിക്കുന്നു. ഉറപ്പിച്ചിരുന്ന തടിതട്ടിൽ പലതും ഇളകി പോയതിനാൽ സർക്കസിലെ ട്രപ്പീസ്‌ കളിക്ക്‌ തുല്യം മെയ്‌വഴക്കമില്ലാതെ പാലത്തിലൂടെ കടന്ന് പോകണമെങ്കിൽ ഭാഗ്യം കൂടി കനിയണം. കമാന തൂണുകളിലും ചങ്ങലകളിലുമൊക്കെ അടിച്ചിരുന്ന വിവിധവർണ്ണ ചായകൂട്ടുകൾ രണ്ട്‌മഴകഴിഞ്ഞപ്പോഴേക്കും കല്ലടയാറിലൂടെ താഴോട്ട്‌ ഒഴുകിപ്പോയി. ആസിഡ്‌ പോലുള്ള ശക്തിയാർന്ന ലായനികളിൽ കരിച്ചുകളഞ്ഞുവെന്ന് എഴുതി ടെൻഡർ കാശുമാറിയ കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരകുഞ്ഞുങ്ങൾ, പോഷകാഹാരം കഴിച്ചമാതിരി പൂർവാധികം ശക്തിയോടെ വളർന്ന് പന്തലിക്കുന്നു. വശങ്ങളിൽ പിടിപ്പിച്ച്‌ പുൽതകിടിയും മറ്റ്‌ ഉദ്യാന സസ്യങ്ങളും പരിചരണമില്ലാതെ കാട്‌പിടിച്ചപോലെയായി.

പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും സംസ്കാരികപ്രവർത്തകരുടെ നിരന്തര ഇടപെടലുകൾക്കും നിരവധി നിവേദനങ്ങൾക്കുമൊക്കെ ഒടുവിൽ ആർക്കിയോളജിവകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടർ അതോറിറ്റിക്ക്‌ തൂക്ക്‌ പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴൽ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആർക്കിയോളജിക്കാരുടെ മേൽനോട്ടത്തിൽ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ കാൽനടക്കാർക്ക്‌ ഒരനുഗ്രഹമെന്നതിലുപരി, തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാർക്കുമുണ്ടായി. ചങ്ങലകളിൽ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകൾ ഇപ്പോൾ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിർമ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂർവ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.ഇപ്പോള്‍ ഒരേകദേശ രൂപം കിട്ടിയില്ലേ പ്രിയ കൂട്ടുകാര്‍ക്ക്‌..നമ്മുടെ സ്വന്തം പുനലൂര്‍ തൂക്ക്‍പാലത്തെ കുറിച്ച്‌..?എന്നാല്‍ കൂടുതല്‍ ബോറടിപ്പിക്കാതെ നിര്‍ത്താം അല്ലേ..? സ്നേഹാദരങ്ങള്‍ നേര്‍ന്ന് കൊണ്ട് നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..പുനലൂരില്‍ നിന്നും മറ്റൊരിടത്തേക്ക്‌ ഗമിക്കട്ടെ..!!!